webnovel

നിഴലുകളുടെ പ്രണയവും ആത്മാവിന്റെ പ്രതികാരവും

നിഴലുകളുടെ പ്രണയവും ആത്മാവിന്റെ പ്രതികാരവും

ഭാഗം - 2

പ്രകൃതിയുടെ സുന്ദരനിമിഷം.. പ്രഭാതം.. പ്രഭാതത്തെ വിളിച്ചുണർത്തി പൂവൻ ഈണത്തിൽ കൂവുകയാണ്.. ആകാശം ചുവപ്പിച്ചു പതിയെ പതിയെ ആദിത്യൻ ഉദിച്ചുയരുകയാണ്.. പ്രഭാതത്തിന്റെ ഭംഗി ആസ്വദിച്ചു ആകാശത്തിൻ മുകളിലൂടെ പറവകൾ പറന്നു പോകുന്നു.. ഭൂമിയിൽ നിന്നും അരുവികളും വൃക്ഷങ്ങളും പ്രഭാതത്തെ സന്തോഷത്താൽ സ്വാഗതം ചെയ്യുന്നു.. ആകാശത്തിൻ ചുവപ്പ് മറഞ്ഞു തുടങ്ങിയിരിക്കുന്നു.. ആദിത്യൻ ചെറുപുഞ്ചിരിയോടെ പ്രകൃതിക്ക് പ്രകാശം നൽകി ജ്വോലിച്ചു നിന്നു.. ഉറക്കത്തിൽ നിന്നും ഉണർന്ന ജീവജാലങ്ങൾ ആദിത്യപ്രഭയാൽ സന്തുഷ്ടരാണ്.. ആകാശത്തിലൂടെ യാത്ര ചെയ്ത പറവകൾ ഓരോ വൃക്ഷത്തിലും എത്തിച്ചേർന്നു.. പ്രഭാതസംഗീതം ആലപിക്കുകയാണ് ഓരോ പറവകളും.. അതിനിടയിൽ ഒരു വൃക്ഷത്തിൽ മാത്രം സംഗീതാലാപനം കേൾക്കുന്നില്ല.. വൃക്ഷത്തിലെ പറവകൾ നിശബ്ദരാണ്.. വൃക്ഷദളങ്ങൾക്ക് ഇടയിലൂടെ നോക്കുമ്പോൾ കാണുന്ന കാഴ്ച്ച സുന്ദരമാണ്.. മൂന്ന് നാല് പറവകൾ കൂടി നിൽക്കുന്നു.. അവർക്ക് നടുവിൽ അഭയസ്ഥാനത്ത് പ്രഭാതത്തെ ആദ്യമായി കാണുവാൻ പതിയെ കണ്ണുകൾ തുറക്കുകയാണ് കുരുന്നുകൾ.. പുതിയ തുടക്കം കുറിക്കുന്ന പറവകുഞ്ഞുങ്ങൾ.. അവരുടെ ജനനം കണ്ടു സംരക്ഷിച്ചു നിൽക്കുന്ന നാല് പറവകൾ.. ആ പറവകൾക്ക് തൊട്ടുപിന്നിൽ വേദനയുള്ള കാഴ്ചയാണ് ദൃശ്യമാകുന്നത്.. ആകാശത്തേക്ക് തലയുയർത്തി ആദിത്യനേ നോക്കി നിൽക്കുന്ന പറവ.. പറവയുടെ കണ്ണിൽ നിന്നും പൊഴിഞ്ഞു വീഴുകയാണ് ഓരോ തുള്ളി കണ്ണുനീർ.. ഒരു പിതാവിന്റെ ദയനീയമായ കണ്ണുനീർ.. കണ്ണുനീർ തുള്ളി തുള്ളിയായി മാതാവിന്റെ ശരീരത്തേക്ക് വീഴുകയാണ്.. പ്രണയിച്ചു കൊതിതീരാതെ നേരത്തെ പിരിഞ്ഞു പോയല്ലോ എന്നോർത്ത് വിതുമ്പുന്ന കണ്ണുകൾ.. ആ കണ്ണിലെ തീവ്രത കാണാൻ ഒരു നിമിഷം പോലും നിൽക്കാതെ പറവകുരുന്നുകളെ പിതാവിന് നൽകി മാതാവ് സ്വർഗയാത്രയായി.. ഇനി ആ രണ്ട് ചുണ്ടുകൾ വിസ്മയിപ്പിക്കില്ല.. പറവകുരുന്നുകളെ മറ്റു പറവകളെ സംരക്ഷിക്കാനെൽപ്പിച്ചിട്ടു അവർ ഒരുമിച്ചിരുന്നു പ്രണയിച്ച വൃക്ഷത്തിൻ അടുക്കലേക്ക് പോകുകയാണ്.. ആ ദിവ്യശരീരത്തെ അവരുടെ സ്വർഗ്ഗവൃക്ഷത്തിന് അവസാനമായി കാണാൻ പത്നിയെ ചുണ്ടാൽ കടിച്ചു പിടിച്ചു പറവ ഉയരങ്ങളിലേക്ക് പറന്നു..

[തുടരും..]